വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചാം വാർഡിൽ ശാസ്താംകാവ് പൊത്തൻ പ്ലാക്കൽ ചെക്ക് ഡാമിന് സമീപത്തായി നക്ഷത്ര ജലോത്സവ വേദിയോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലമാണ് പഞ്ചായത്ത് കുട്ടികളുടെ പാർക്ക് ആയി മാറ്റിയത്. 15 സെന്റോളം സ്ഥലമാണ് ഇതിനായി മാറ്റിയെടുത്തത്. 10 ലക്ഷം രൂപ മുടക്കിയാണ് ആദ്യഘട്ടത്തിൽ നടപ്പാതയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
എന്നാൽ ഇപ്പോൾ 15 ലക്ഷം രൂപ മുടക്കിയാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ആടാനും പാടാനും സമയം ചെലവഴിക്കാനും മുതിർന്നവർക്കും കുട്ടികൾക്കും സായാഹ്നങ്ങളിൽ വന്നിരിക്കുവാനും കുട്ടികളുടെ പാർക്ക് തുറന്നു.
കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലി നിർവഹിച്ചു.വാർഡ് മെമ്പർ വി പി റെജി അധ്യക്ഷത വഹിച്ചു. അധികം വൈകാതെ അലങ്കാര വിളക്കുകളും പാർക്കിൽ സജ്ജമാക്കുമെന്ന് വാർഡ് മെമ്പർ വി പി റെജി പറഞ്ഞു.


