മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെയാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് കൊലവിളിയാണെന്നാണ് പരാതി. മുഖ്യമന്ത്രി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് മറുപടിയായി ടീന ജോസ് കുറിച്ചത് ഇങ്ങനെയായിരുന്നു- “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.”
ഈ കമൻ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും, ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
അതേസമയം മറുപടിയുമായി മന്ത്രി ശിവൻകുട്ടി രംഗത്ത് വന്നു. ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും, ജനാധിപത്യ സമൂഹത്തില്‍, ഒരു പൗരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശിവന്‍കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.