നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജീഷ്, എച്ച് സലീം, പ്രദീപ് എന്നിവരും കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണം.
അതിജീവിതയ്ക്ക് 5 ലക്ഷം രൂപ പിഴ തുകയില്‍ നിന്ന് നല്‍കാനും വിധിയില്‍ പറയുന്നു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള അതിജീവിതയുടെ വിവാഹനിശ്ചയമോതിരം തിരിച്ച് നല്‍കണം. വിവാഹമോതിരം കാണത്തക്ക വിധത്തിലാണ് പ്രതികള്‍ കൂട്ടബലാത്സംഗം നടന്ന ദിവസത്തില്‍ അതിജീവിതയുടെ വീഡിയോ ചിത്രീകരിച്ചത്.
അതേസമയം വിചാരണകോടതിയില്‍ നിന്ന് പരിപൂര്‍ണ നീതി ലഭിച്ചില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ വിധിക്ക് ശേഷം അഭിപ്രായപ്പെട്ടു. കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷം. ശിക്ഷാവിധി തെറ്റായ സന്ദേശം സമൂഹത്തിന് നല്‍കുമെന്നും അജകുമാര്‍ പറഞ്ഞു.