ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി 9 വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ സജീവമായേക്കും. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷകര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
ഭൂമധ്യരേഖയ്ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങുന്നതാണ് മഴയ്ക്ക് ഇടയാക്കുന്നത്. പ്രധാനമായും മധ്യ-തെക്കന്‍ കേരളത്തിലായിരിക്കും മഴ കൂടുതല്‍ ലഭിക്കുക. തെക്കന്‍ തമിഴ്നാട് മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.