പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയിലും അവരുടെ പേഴ്സണൽ സ്റ്റാഫിനും പിന്നോക്ക ദളിത് വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം നൽകണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. ജാതിമത ഭേദമന്യേ എല്ലാവരുടെയും വോട്ട് വാങ്ങി ജയിച്ചുവരുന്ന ജനപ്രതിനിധികൾ ജാതി മത ഭേദമില്ലാതെ പ്രവർത്തിക്കണം. ജന പ്രതിനിധികളായി സമുദായ പ്രാതിനിത്യം ലഭിക്കാത്ത സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ഏതെങ്കിലും ജാതിമത വിഭാഗങ്ങൾക്ക് മന്ത്രിസഭയിൽ അമിത പ്രാതിനിധ്യം നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിമതഭേദമെന്യേ സര്‍വ്വരുംവോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികള്‍ ഭരണം കയ്യാളുമ്പോള്‍ എല്ലാ ജാതിമതസ്ഥര്‍ക്കും തുല്യ പ്രാധാന്യം നല്‍കി സാമൂഹിക നീതി ഉറപ്പുവരുത്തേണ്ടതാണ്. മുമ്പ് ഇത് പലപ്പോഴും പാലിക്കാതെ ചില മതസംഘങ്ങളും സമുദായങ്ങളും സ്വാര്‍ത്ഥപരമായി മാത്രം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതിനാലാണ് ഇപ്രകാരം പറയേണ്ടി വരുന്നത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശിവഗിരി മഠത്തിന്‍റെ ഇടപെടല്‍ കൊണ്ട് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും തെരഞ്ഞെടുപ്പില്‍ നീതി കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട.് പ്രധാന മുന്നണികളിലും ഈ നില കാണുവാന്‍ സാധിക്കും. ഒരു എം.എല്‍.എ. എന്നതില്‍ നിന്നും ഒരു ഡസനിലധികം പേരെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ശിവഗിരി മഠത്തിന് പ്രത്യേകമായി ഒരു രാഷ്ട്രീയ കക്ഷിയോടും പ്രത്യേക താല്പര്യമില്ല. സാമൂഹിക നീതിയെക്കുറിച്ച് പറയുന്നത് അതും ശ്രീനാരായണധര്‍മ്മാനുഷ്ഠാനത്തിന്‍റെ ഒരു ഭാഗമായതുകൊണ്ടാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.



