പത്തനംതിട്ട - പമ്പ: ശബരിമല മണ്ഡലകാല മുന്നൊരുക്കവുമായി പമ്പയിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ വിളിച്ചു ചേർത്ത അവലോകന യോഗം നടന്നു. യോഗത്തിൽ കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ: റോണി കെ. ബേബി, റാന്നി എം.എൽ.എ പഴകുളം മധു എന്നിവർ പങ്കെടുത്തു.
ശബരിമല മണ്ഡലകാലത്ത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി റോണി കെ. ബേബി എം.എൽ.എ അറിയിച്ചു. ഗതാഗത കുരുക്കിന് പരിഹാരമായി കാഞ്ഞിരപ്പാറ - കാനം - ചാമംപതാൽ - തെക്കേത്തുകവല - മണ്ണംപ്ലാവ് - വിഴിക്കത്തോട് വഴി എരുമേലിയിൽ എത്തുന്ന പുതിയ സംസ്ഥാനപാത പ്രഖ്യാപിക്കണം എന്ന് യോഗത്തിൽ അഭ്യർത്ഥിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കൽ നിന്നും ഐ.സി.ഐ.സി.ഐ ബാങ്ക് പടിക്കിലേക്ക് കാഞ്ഞിരപ്പള്ളി -- തമ്പലക്കാട് റോഡിൽ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പടിക്കൽ നിന്നും ചിറക്കടവ് അമ്പലം പടിയിൽ പുനലൂർ -- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ എത്തുന്ന രണ്ട് മിനി ബൈപ്പാസുകൾ എന്നീ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.
12 മീറ്റർ വീതിയിൽ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയാൽ മിനി ബൈപ്പാസിനുള്ള തുക ശബരിമല പാക്കേജിൽ ഉൾപ്പെടുത്താമെന്ന് മന്ത്രി ഉറപ്പ് നൽകി. നാടിൻ്റെ വികസന ആവശ്യത്തിനായി സൗജന്യമായി സ്ഥലം ലഭ്യമാവുകയാണെങ്കിൽ രണ്ട് മിനി ബൈപ്പാസുകളും യാഥാർത്ഥ്യമാകും.


