കൂരാലി: ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന നേതാവ് ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ഐ എൻ ടി യു സി എലിക്കുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളങ്ങുളം തിരുഹൃദയ ഭവനിൽ ആകാശപ്പറവകളോടൊപ്പം ആചരിച്ചു. ഐഎൻടിയുസി എലിക്കുളം മണ്ഡലം സെക്രട്ടറി ജോഷി കെ ആൻ്റണി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഐഎൻടിയുസി അഖിലേന്ത്യ നിർവാഹക സമിതി അംഗവും കെപിസിസി എക്സിക്യൂട്ടീവ് മെമ്പറുമായ തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു.
ഉമ്മൻചാണ്ടി ഒരു ഭരണകർത്താവ് എന്നതിലുപരി പാവങ്ങളെയും അശരണരെയും രോഗികളെയും കഷ്ടത അനുഭവിക്കുന്നവരെയും എന്നും തന്നോട് ചേർത്ത് നിർത്താൻ പരമാവധി ശ്രമിച്ച നേതാവായിരുന്നു എന്ന് തോമസ് കല്ലാടൻ അനുസ്മരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാപ്പകലില്ലാതെ പ്രവർത്തിച്ച ജനനേതാവിന്റെ ഓർമ്മകൾ ഇന്നും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യമുന പ്രസാദ്, വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ സജി, പഞ്ചായത്ത് മെമ്പർമാരായ വി ഐ അബ്ദുൽ കരീം, മറിയമ്മ ജോസഫ്, ജിബിൻ എസ് ജോൺ, ജിഷ്ണു പറപ്പള്ളിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തോമാച്ചൻ പാലക്കുഴ, ജോസ് മറ്റമുണ്ടയിൽ, മനീഷ് കൊച്ചാങ്കൽ, കെഡിപി മണ്ഡലം പ്രസിഡൻറ് ടോജോ വർഗീസ്, ജോയി പതിയിൽ, ഡിജോ ഇരുപ്പക്കാട്ട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിപിൻ മറ്റപ്പള്ളി, അഭിജിത്ത് ആർ, മഹിളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് രാജി മോൾ, നിഷമോൾ കെ എന്നിവർ സംസാരിച്ചു.
ആകാശപ്പറവകളെ അണിനിരത്തിയുള്ള ആദരാഞ്ജലി അർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഉമ്മൻചാണ്ടിയുടെ ജനപക്ഷ നിലപാടുകളും സേവന മനോഭാവവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ സ്മരണകൾ അയവിറക്കി നിരവധി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.


