തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 4 തിങ്കളാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും രാത്രിയോടെ പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
03/08/2026, 04/08/2026 തീയതികളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാനും നിർദ്ദേശമുണ്ട്.


