തിരുവനന്തപുരം: സംസ്ഥാനത്ത് പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് മൂലം ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം.
വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്നതും പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതുമാണ് നിയന്ത്രണത്തിന് കാരണം.
ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. നിയന്ത്രണ സമയത്ത് പ്രദേശങ്ങൾ തിരിച്ച് 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. അനാവശ്യ വൈദ്യുതി ഉപയോഗം ഒഴിവാക്കി പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
വാർത്ത: വാഴൂർ 24x7 ന്യൂസ് ഡെസ്ക്



