കൂരോപ്പട: നാടിനെ നടുക്കിയ കൂരോപ്പട മറ്റപ്പള്ളി മറ്റക്കര കൂട്ട ആത്മഹത്യ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. അടുത്താഴ്ച അവസാനത്തോടെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന.
കൂരോപ്പട സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാർക്കെതിരെ കൂടുതൽ പരാതികളുമായി മരിച്ച ജ്യോത്സനയുടെ കുടുംബം രംഗത്തെത്തിയതോടെയാണ് കേസിൽ വീണ്ടും വഴിത്തിരിവുണ്ടായത്. ബാങ്കിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഇതിനിടെ ബാങ്ക് ഭരണസമിതി മറ്റപ്പള്ളി ബ്രാഞ്ചിലെ രണ്ട് മുൻ മാനേജർമാരെ സസ്പെൻഡ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗവുമായ എം ജെ ഷിബു, പഞ്ചായത്ത് പ്രസിഡന്റ് ഇ എസ് വിനോദിന്റെ സഹോദരൻ കൂടിയായ ഇ എസ് മനോജ് എന്നിവരെയാണ് സസ്പെൻഷൻ ചെയ്തത്. ബാങ്കിലെ ക്രമക്കേടുകളെ തുടർന്നാണ് നടപടിയെന്നാണ് വിവരം.
ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കൂരോപ്പട ബാങ്കിന്റെ മറ്റപ്പള്ളി ബ്രാഞ്ചിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജ്യോത്സനയും ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം രണ്ട് മാസം മുൻപാണ് മരിച്ചത്. സംഭവത്തിൽ പാമ്പാടി പോലീസ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വാർത്ത: വാഴൂർ 24x7 ന്യൂസ് ഡെസ്ക് | പാമ്പാടി, കൂരോപ്പട



