തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില കുതിക്കുന്ന സാഹചര്യത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻസിസിഎഫ്) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു.
സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. സവാള വിലവർധനയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കുന്നതിനിടെയാണ് കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സവാള വിലയിൽ വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ വിപണികളിൽ സവാളയുടെ മൊത്തവ്യാപാര വില കിലോയ്ക്ക് 58 മുതൽ 80 വരെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വിപണികൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകും. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്കും ഇടപെടൽ വ്യാപിപ്പിക്കും. നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു.
ഹോർട്ടികോർപ്പും സപ്ലൈകോയും സംയുക്തമായാണ് വിതരണം ഏകോപിപ്പിക്കുക. ഹോർട്ടികോർപ്പിന്റെ മൊബൈൽ ഔട്ട്ലെറ്റുകളും വിൽപ്പനയ്ക്കായി പ്രയോജനപ്പെടുത്തും. സംഭരിക്കുന്ന സവാള നശിച്ചുപോകാതിരിക്കാൻ വാഴക്കുളത്തെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ സജ്ജമാക്കും. വിപണിയിലെ വിലയും ലഭ്യതയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി ടി സിദ്ദിഖ് അറിയിച്ചു.


