കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് 379 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ലഭിച്ചത് വെറും 355 രൂപ വരുമാനം. ദീർഘദൂര സർവീസിനിടയിൽ ആകെ മൂന്ന് യാത്രക്കാർ മാത്രമാണ് ബസിൽ കയറിയത് എന്നത് ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി അന്വേഷണം ആരംഭിച്ചു.
ഓണത്തിരക്ക് പ്രമാണിച്ച് കണ്ണൂർ ജില്ലയിൽ സർവീസ് നടത്തുന്നതിനായി അധികൃതരുടെ പ്രത്യേക നിർദേശപ്രകാരം മൂന്നാർ ഡിപ്പോയിൽ നിന്നും ഒരു ബസ് വിട്ടുനൽകിയിരുന്നു. ഓണം സീസൺ അവസാനിച്ചതോടെ ബസ് തിരികെ മൂന്നാറിലേക്ക് കൊണ്ടുവരാനായി കഴിഞ്ഞ ദിവസം ഡിപ്പോയിൽ നിന്ന് കണ്ടക്ടറെയും ഡ്രൈവറെയും ടിക്കറ്റ് മെഷീൻ ഉൾപ്പെടെ നൽകി കണ്ണൂരിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
മൂന്നാർ ബോർഡ് വെച്ച് വഴിയിൽ നിന്നും യാത്രക്കാരെ കയറ്റി വരാനായിരുന്നു ജീവനക്കാർക്ക് നൽകിയിരുന്ന നിർദേശം. എന്നാൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തി മൂന്നാർ ഡിപ്പോയിലെത്തി കളക്ഷനും മെഷീനും പരിശോധിച്ചപ്പോഴാണ് 379 കിലോമീറ്റർ ഓടിയ ബസിന് ആകെ ലഭിച്ച വരുമാനം 355 രൂപ മാത്രമാണെന്ന് കണ്ടെത്തിയത്. 3 യാത്രക്കാരിൽ നിന്ന് മാത്രമാണ് ടിക്കറ്റ് എടുത്തത്.
ജീവനക്കാർ യാത്രക്കാരെ കയറ്റാൻ ശ്രമിച്ചില്ലേയെന്നും കളക്ഷനിൽ തിരിമറി നടന്നിട്ടുണ്ടോയെന്നും ഉൾപ്പെടെ വിശദമായ അന്വേഷണം നടത്താനാണ് കെഎസ്ആർടിസി അധികൃതരുടെ തീരുമാനം. ഡീസൽ ചെലവ് പോലും കിട്ടാത്ത സർവീസ് കോർപ്പറേഷന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

