ഗാന്ധിയൻ ദർശനം കാലത്തിനൊപ്പം
ലഹരിയിൽ നിന്ന് സമാധാനത്തിലേക്ക്
ഒക്ടോബർ രണ്ട് വെറുമൊരു കലണ്ടർ ദിനമല്ല, ഒരു ആശയത്തിന്റെ ജന്മദിനമാണ്. തോക്കിൻ കുഴലിലൂടെയല്ല, മനുഷ്യന്റെ ആത്മശക്തിയിലൂടെ ലോകത്തെ കീഴടക്കാൻ കഴിയുമെന്ന് തെളിയിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാവിന്റെ ജന്മദിനം. അദ്ദേഹം ഒരു വ്യക്തിയായിരുന്നില്ല, ഒരു ദർശനമായിരുന്നു.
ഗാന്ധിയൻ ഫിലോസഫിയുടെ കാതൽ സത്യവും അഹിംസയുമാണ്. ഗാന്ധിജിക്ക് സത്യം ദൈവം തന്നെയായിരുന്നു. അഹിംസ എന്നാൽ വെറും അക്രമം ചെയ്യാതിരിക്കൽ മാത്രമല്ല, മനസ്സാ, വാചാ, കർമ്മണാ ആരെയും ഉപദ്രവിക്കാതിരിക്കലാണ്. "അഹിംസ ഭീരുവിന്റെ ആയുധമല്ല, അതിന് ധീരതയുടെ പരമകാഷ്ഠ വേണം" എന്ന് അദ്ദേഹം പറയുമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ അദ്ദേഹം പരീക്ഷിച്ച സത്യാഗ്രഹം പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ആയുധമായി മാറി.
ഇന്ന് വിദ്യാഭ്യാസം മാർക്കിനും റാങ്കിനും വേണ്ടി മാത്രമായി ചുരുങ്ങുമ്പോൾ ഗാന്ധിജി മുന്നോട്ടുവെച്ച നയി താലിം അഥവാ വാർധാ വിദ്യാഭ്യാസ പദ്ധതി ഏറെ പ്രസക്തമാണ്. കൈ, ഹൃദയം, തല എന്നിവയുടെ സമന്വയമാണ് വിദ്യാഭ്യാസം എന്ന് ഗാന്ധിജി പറഞ്ഞു. കുട്ടി ചർക്കയിൽ നൂൽ നൂൽക്കുമ്പോൾ തന്നെ കണക്കും ശാസ്ത്രവും അധ്വാനത്തിന്റെ മഹത്വവും പഠിക്കണം. തൊഴിലിനോടുള്ള ആദരവ്, സ്വാശ്രയത്വം, മാതൃഭാഷയിലൂടെയുള്ള പഠനം ഇതെല്ലാം ഗാന്ധിയൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു. ഇന്ന് നാം Skill Education എന്നും Vocational Training എന്നും പറയുന്നത് ഗാന്ധിജി 1937-ൽ പറഞ്ഞതിന്റെ പുതിയ രൂപം മാത്രമാണ്.
ലോകം ഇന്ന് അസ്വസ്ഥമാണ്. യുദ്ധങ്ങളും വർഗ്ഗീയ കലാപങ്ങളും നമ്മെ ഭയപ്പെടുത്തുന്നു. "കണ്ണിന് പകരം കണ്ണ് എന്ന നയം പിന്തുടർന്നാൽ ലോകം മുഴുവൻ അന്ധരാകും" എന്ന ഗാന്ധി വചനം ഇന്നത്തെ ലോകത്തിനുള്ള മുന്നറിയിപ്പാണ്. അക്രമത്തിന് മറുപടി അക്രമമല്ല, സ്നേഹവും സംവാദവും സഹിഷ്ണുതയുമാണ്. അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനും ദക്ഷിണാഫ്രിക്കയിൽ നെൽസൺ മണ്ടേലയ്ക്കും പ്രചോദനം ഗാന്ധിയൻ അഹിംസ തന്നെയായിരുന്നു. അതുകൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ലഹരിയാണ്. മയക്കുമരുന്നും രാസലഹരികളും മദ്യവും യുവത്വത്തെ നിശബ്ദമായി കാർന്നുതിന്നുന്നു. കേരളം പോലുള്ള വിദ്യാസമ്പന്ന സംസ്ഥാനം പോലും ഈ വിപത്തിൽ നിന്ന് മുക്തമല്ല.
സ്ത്രീ സുരക്ഷ ഇന്ന് വലിയ ചർച്ചയാകുമ്പോൾ ഗാന്ധിജി ഒരു നൂറ്റാണ്ട് മുൻപ് പറഞ്ഞ വാക്കുകൾ വഴികാട്ടിയാകും. ഗാന്ധിജിക്ക് സ്ത്രീ ബലഹീനയല്ല, അഹിംസയുടെ പ്രതീകമായിരുന്നു. "സ്ത്രീയെ ബഹുമാനിക്കാത്ത സമൂഹം ഒരിക്കലും പുരോഗമിക്കില്ല" എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഗാന്ധിജിയാണ്. സ്ത്രീധനത്തിനും ബാലവിവാഹത്തിനും എതിരെ അദ്ദേഹം ശക്തമായി പോരാടി. സ്ത്രീ സുരക്ഷ എന്നാൽ സിസിടിവിയും നിയമവും മാത്രമല്ല, മനോഭാവത്തിൽ വരേണ്ട മാറ്റമാണ്. സ്ത്രീയെ അമ്മയായും സഹോദരിയായും കാണുന്ന മനസ്സ് ഉണ്ടാകുമ്പോൾ മാത്രമേ യഥാർത്ഥ സുരക്ഷ ഉണ്ടാകൂ.
പരിസ്ഥിതി പ്രതിസന്ധിയിൽ "ഭൂമി എല്ലാവരുടെയും ആവശ്യത്തിനുള്ളത് നൽകും, പക്ഷെ ആർത്തിക്ക് വേണ്ടിയല്ല" എന്ന വാക്ക് സുസ്ഥിര വികസനത്തിന്റെ മൂലമന്ത്രമാണ്. ഉപഭോഗ സംസ്കാരം വളരുമ്പോൾ ഗാന്ധിയൻ ലാളിത്യം മറുമരുന്നാകുന്നു. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ, ഖാദി പ്രസ്ഥാനം എന്നിവയെല്ലാം ഗാന്ധിയൻ സ്വദേശി ചിന്തയുടെ പുതിയ രൂപങ്ങൾ. വ്യാജ വാർത്തകളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും ഡിജിറ്റൽ യുഗത്തിൽ സത്യവും സ്നേഹവും എന്ന ഗാന്ധിയൻ മൂല്യങ്ങൾക്ക് പ്രസക്തി ഏറുകയാണ്. ഗാന്ധി ഒരു വ്യക്തിയല്ല, ഒരിക്കലും മരിക്കാത്ത ഒരു ആശയമാണ്.
MG University, School of Gandhian Thought and Development Studies, MA 2004 Batch


