യാത്രാസൗകര്യമില്ലാതെ കുടുംബങ്ങൾ ദുരിതത്തിൽ; വാഴൂർ ഈസ്റ്റിൽ റോഡില്ലാതെ 5 കുടുംബങ്ങൾ
വാഴൂർ ന്യൂസ് | ജയ്നി മറ്റപ്പള്ളി | 29/10/26വാഴൂർ ഈസ്റ്റ്: വാഴൂർ ഈസ്റ്റ് - വാഴൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പറത്താൻപതാംമൈൽ മൗണ്ട് കാർമൽ പള്ളിക്ക് സമീപം മണ്ണിൽ പ്ലാക്കൽ കുന്നിൽ താമസിക്കുന്ന അഞ്ചിലധികം കുടുംബങ്ങൾ യാത്രാസൗകര്യമില്ലാതെ കടുത്ത ദുരിതത്തിൽ.
വളരെ ഉയർന്ന പ്രദേശമായ ഇവിടെ നിന്ന് താഴെ കൂടി കടന്നുപോകുന്ന ദേശീയപാത 183-ലെ വാഹനങ്ങളെ കാണാമെങ്കിലും, ഇവിടെയുള്ളവർക്ക് ഒരു അത്യാവശ്യം വന്നാൽ പോലും പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ലാത്ത അവസ്ഥയാണ്.
രണ്ടടി പോലും വീതിയില്ലാത്ത നടപ്പുവഴി മാത്രം
ഇവിടേക്കുള്ള ഏക വഴി രണ്ടടി വീതി പോലുമില്ലാത്ത, ഉരുളൻ കല്ലുകൾ നിറഞ്ഞ അപകടകരമായ നടപ്പുവഴി മാത്രമാണ്. എതിർവശത്ത് നിന്ന് ഒരാൾ വന്നാൽ പോലും കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതാണ് ഈ വഴി. പ്രായമായവർക്കും കുട്ടികൾക്കും ഇതുവഴിയുള്ള യാത്ര അതീവ അപകടകരമാണ്. ഇതിനോടകം പലരും കല്ലിൽ തട്ടി വീണ് പരിക്കേറ്റിട്ടുണ്ട്.
കുടുംബത്തിൽ ആർക്കെങ്കിലും അസുഖം വന്നാൽ, ആംബുലൻസ് എത്തുന്നിടം വരെ രോഗിയെ ചുമന്ന് കൊണ്ടുപോകാൻ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണ് ഈ കുടുംബങ്ങൾ.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മാത്രം റോഡ്
തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഇവിടെ എത്തി സഞ്ചാരയോഗ്യമായ റോഡ് നിർമിച്ച് നൽകുമെന്ന് വാഗ്ദാനം നൽകുമെങ്കിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നീട് ആരെയും കാണാറില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
അതുകൊണ്ട് തന്നെ ഈ മേഖലയിലെ യാത്രാദുരിതം പരിഹരിക്കാൻ സഞ്ചാരയോഗ്യമായ ഒരു റോഡ് നിർമിക്കാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags: Vazhoor East, Vazhoor Grama Panchayat, Road Issue, Kottayam News, Local News


