വാഴൂർ: സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് നൽകുന്ന ഉന്നത പുരസ്കാരം ലഭിച്ച വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രോഗികൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ആവശ്യമായ ചികിത്സ ലഭിക്കുന്നതിന് ഏറെ താമസം നേരിടുന്നതായി രോഗികൾ പരാതിപ്പെടുന്നു.
ദിവസേന നൂറ് കണക്കിന് രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാൽ മിക്ക ദിവസവും ആവശ്യത്തിന് ഡോക്ടർ ഇല്ല. ടോക്കൺ എടുത്ത് മണിക്കൂറുകളോളം കാത്തുനിന്നാണ് ലഭ്യമായ ഡോക്ടറെ കാണാൻ കഴിയുന്നത്. കാത്തുനിൽക്കുന്നവരിൽ ഏറെയും പ്രായമായവരാണ്.
ഒ.പി സമയം വൈകിട്ട് നാല് മണി വരെ ആക്കിയിരുന്നെങ്കിലും ആവശ്യത്തിന് ഡോക്ടറും ജീവനക്കാരുമില്ലാത്തതിനാൽ ഉച്ചയാകുമ്പോഴേക്കും ഒ.പി അവസാനിക്കുന്ന അവസ്ഥയാണ്.
ഏറെ ആശ്രയമായിരുന്ന ലാബ് മിക്ക ദിവസവും അടഞ്ഞു തന്നെ കിടക്കുന്നു. ഇവിടെയും ജീവനക്കാരുടെ കുറവ് തന്നെയാണ് കാരണം.
ചികിത്സയ്ക്കായി എത്തുന്ന പലരും നീണ്ട കാത്തിരിപ്പിനൊടുവിൽ മറ്റ് ആശുപത്രികളിലേക്ക് പോകുന്ന കാഴ്ചയാണ് ഇവിടെ പതിവ്.
വേണ്ടപ്പെട്ട അധികാരികൾ എത്രയും വേഗം, വേണ്ട നടപടികൾ സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും പ്രതീക്ഷ.


