പൊൻകുന്നം: കോൺഗ്രസ് പാർട്ടി പൊൻകുന്നം ടൗണിലെ വ്യാപാരികൾക്ക് എതിരാണെന്ന വ്യാപാരി വ്യവസായ ഏകോപന സമിതി നേതാവിന്റെ പ്രസ്താവന സത്യത്തിനും വസ്തുതകൾക്കും നിരക്കാത്തതാണെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിനും എതിരായി കോൺഗ്രസോ യുഡിഎഫ് സംഘടനയോ പരാതി നൽകിയിട്ടില്ല. നിലവിൽ വിവാദത്തിലുള്ള കടയ്ക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത് ടൗണിലെ ഒരു വ്യാപാരി തന്നെയാണ്. പഞ്ചായത്തിലെ രേഖകൾ ഇത് വ്യക്തമാക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേർന്ന് നടത്തിയ പ്രസ്താവനയെ വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടോമി ഡൊമിനിക് പൊതുമധ്യത്തിൽ അവഹേളിക്കുകയും, കോൺഗ്രസിന്റെ ലേബലിൽ കുറേ ആൾക്കാർ പത്രസമ്മേളനം നടത്തിയെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളെ അപമാനിക്കുകയും ചെയ്തുവെന്ന് കമ്മിറ്റി ആരോപിച്ചു.
ഇതിലൂടെ ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിയെ വെള്ളപൂശാനും സംരക്ഷിക്കാനുമാണ് ടോമി ഡൊമിനിക് ശ്രമിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
പൊൻകുന്നം ടൗണിലെ വ്യാപാരികളുടെ സംരക്ഷണമാണ് ടോമി ഡൊമിനിക്കിന്റെ ഉദ്ദേശമെങ്കിൽ, അട്ടിക്കൽ കവലയിലെ വ്യാപാരിയെ ദ്രോഹിക്കുന്ന തരത്തിൽ ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി പ്രവർത്തിക്കുന്ന വിഷയത്തിലും ഇടപെടേണ്ടതായിരുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പഞ്ചായത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി മാർച്ച് നടത്തിയിട്ടും വ്യാപാരികളുടെ സംരക്ഷകനായ ടോമി ഡൊമിനിക് തിരിഞ്ഞുനോക്കിയില്ലെന്നും അവർ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാർട്ടി വാർത്താ സമ്മേളനം നടത്തിയതെന്ന് നേതാക്കൾ വ്യക്തമാക്കി. ടോമി ഡൊമിനിക്കിനെതിരെ യുഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മുലകുന്ന്, പഞ്ചായത്ത് അംഗങ്ങളായ സേതു മന്താടൻ, ത്രേസ്യാമ്മ നെല്ലേപ്പറമ്പിൽ, രേഖ ഡോൺ, മഹിളാ കോൺഗ്രസ് സെക്രട്ടറി ഷിനിമോൾ സെബാസ്റ്റ്യൻ, മണ്ഡലം വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ തുണ്ടിയിൽ എന്നിവർ പങ്കെടുത്തു.


