തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ (നവംബർ 1) വീണ്ടും മഴ സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ശക്തമായ ന്യൂനമർദമാണ് മഴയ്ക്ക് കാരണം.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം (Well-Marked Low Pressure Area) തുടരുന്നു.
- അടുത്ത 6 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്രാപിക്കും.
- തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി (Cyclonic Storm) മാറാൻ സാധ്യത.
- തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താൻ സാധ്യത.
അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'ന്റെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു.
കേരളത്തിൽ മഴ മുന്നറിയിപ്പ്
- നവംബർ 1 മുതൽ 4 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.
- മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
- മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


