മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം സംസ്ഥാന പാതയിൽ ചോറ്റി ജംഗ്ഷനിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം.
മുണ്ടക്കയം ഭാഗത്ത് നിന്ന് അമിത വേഗതയിൽ എത്തിയ ബൊലേറോ കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയും തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അഞ്ച് കാറുകൾ, ഒരു ഓട്ടോറിക്ഷ, ഒരു സ്കൂട്ടർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് കാൽനടയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രികളിൽ എത്തിച്ചു. എട്ടുപേരെ ഇരുപത്തിയാറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും രണ്ടുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേരീ ക്യൂൻസ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ചോറ്റി ജംഗ്ഷനിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും വാഹനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. അപകടത്തിന് കാരണമായ ബൊലേറോ ഡ്രൈവർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.


