പനച്ചിക്കാട് കുഴിമറ്റത്തുള്ള വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് എരുമകുട്ടി ചത്തത്. എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയ മൃഗഡോക്ടർ അറസ്റ്റിലായി. കോട്ടയം പനച്ചിക്കാട് മൃഗാശുപത്രിയിലെ ഡോക്ടർ ജിഷയെ ആണ് വിജിലൻസ് പിടിയിലായത്. എരുമക്കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലാകുന്നത്.പ്രതിയെ റിമാൻഡ് ചെയ്തു.
നേരത്തെ ഫാമില്‍ വളര്‍ത്തുന്ന മൃഗങ്ങളെ പരിശോധിച്ച് പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുന്നതിനായി ഡോക്ടര്‍ ഫീസെന്ന പേരില്‍ 500 രൂപ വീതം വാങ്ങിയിരുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പലതവണ ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. കഴിഞ്ഞ മാസം അവസാനമാണ് പരാതിക്കാരന്റെ ഫാമിൽ വളർത്തിയിരുന്ന എരുമക്കുട്ടി ചത്തുപോയത്.
തുടർന്ന് മരണ കാരണം അറിയുന്നതിന് എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് ഡോക്ടറുടെ സേവനം കിട്ടുന്നതിനായി ഡോ. ജിഷ.കെ ജെയിംസിന്റെ ഫോണിലേയ്ക്ക് വിളിക്കുകയും അന്നേ ദിവസം തന്നെ ഡോക്ടർ ഫാമിലെത്തി എരുമക്കുട്ടിയെ പോസ്റ്റുമോർട്ടം ചെയ്യുകയും ഫീസായി 1000/- രൂപ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ കൈയ്യിൽ ഒറ്റ പൈസ പോലുമില്ലെന്നും അടുത്ത ദിവസം കൊണ്ട് തരാമെന്നും പരാതിക്കാരൻ അറിയിക്കുകയും ഡോക്ടർ സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഫാം ഉടമ വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കി. ഇതിന് പിന്നാലെ വിജിലൻസ് കോഴിക്കോട് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവികുമാറിനെ അന്വേശണത്തിനായി ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പനച്ചിക്കാട് ഗവ.ആശുപത്രിയിൽ വച്ച് പരാതിക്കാരനിൽ നിന്നും 1000/- രൂപ കൈക്കൂലി വാങ്ങിയ ഡോ.ജിഷ.കെ.ജെയിംസിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
Group63 |