പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിക്കാനായി കേരളത്തിന്‍റെ ഓണക്കോടി ഒരുങ്ങുന്നു. കൈത്തറിയില്‍ നെയ്തെടുക്കുന്ന കുര്‍ത്തയാണ് മോദിയ്ക്ക് കേരളം ഔദ്യോഗികമായി നല്‍കുന്ന ഓണക്കോടി. കണ്ണൂരിലെ ലോകനാഥ് സഹകരണ നെയ്ത്തുസംഘമാണ് വസ്ത്രത്തിനായുള്ള തുണി തയാറാക്കുന്നത്. സംഘത്തിലെ കെ. ബിന്ദു എന്ന നെയ്ത്ത് തൊഴിലാളിയാണ് ഈ വിവിഐപി കുര്‍ത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്.
ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്നു കുത്തനെ വരയോടു കൂടിയ ഡിസൈനിലാണ് കുര്‍ത്ത തയാറാക്കുന്നത്.പാലക്കാട് കൊടുമ്പ് കൈത്തറി സൊസൈറ്റിക്കു കീഴിലുള്ള കൊടുമ്പ് ക്ലസ്റ്ററിലെ ഡിസൈനർ അഞ്ജു ജോസിന്റെ നേതൃത്വത്തിലാണ് വസ്ത്രം രൂപകല്പന ചെയ്തത്. കോട്ടയം പാലാ രാമപുരം സ്വദേശിയായ അഞ്‍ജു കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽനിന്നു ബി.ഡെസ്. ടെക്സ്റ്റൈൽ ഡിസൈനിങ് ബിരുദം നേടിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ നാഷണൽ ഹാൻഡ്‍ലൂം ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (എൻ.എച്ച്.ഡി.പി.) കീഴില്‍ പ്രോജക്ട് ചെയ്യുന്ന അഞ്ജു കൊടുമ്പ് ഹാൻഡ്‍ലൂം ക്ലസ്റ്ററിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്.വ്യത്യസ്തമായ കൈത്തറി വസ്ത്രങ്ങളുടെ രൂപകല്പനയും പുതിയ നൂലുകൾ വികസിപ്പിച്ച് പുതിയ ഉത്പന്നങ്ങളുടെ നിർമാണവുമാണ് ക്ലസ്റ്ററിന്റെ ചുമതല.
എല്ലാ മാസവും തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കും. ഇത്തവണ കൊടുമ്പ് ക്ലസ്റ്ററിൽനിന്ന് അഞ്ജു ജോസ് അവതരിപ്പിച്ച ഉത്പന്നം ഹാൻഡ്‍ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ.എസ്. അനിൽകുമാർ പ്രധാനമന്ത്രിക്കുള്ള ഓണക്കോടിയായി തെരഞ്ഞെടുക്കുകയായിരുന്നു.



