![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിന് സമീപം ഉണങ്ങി നശിച്ചു തുടങ്ങിയ ആൽമരത്തിന് വൃക്ഷവൈദ്യൻ കെ ബിനുവിന്റെ നേതൃത്വത്തിൽ വൃക്ഷായുർവേദ ചികിത്സ നൽകി. പൊൻകുന്നം- പുനലൂർ ഹൈവേയുടെ പുറമ്പോക്കിൽ ചില്ലകൾ ഉണങ്ങി യാത്രക്കാർക്ക് അപകട ഭീഷണിയായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പാണ് ആൽമരം മുറിച്ചത്.
ഒരാൾ പൊക്കത്തിൽ നിലനിർത്തി മുറിച്ചാൽ ആയുർവേദ ചികിത്സയിലൂടെ ആൽമരത്തിന് പുനർജീവനേകാമെന്ന് അധ്യാപകനും ജില്ലാ ട്രീ അതോറിറ്റി അംഗവും സംസ്ഥാന വനമിത്ര അവാർഡ് ജേതാവുമായ ബിനു ഉറപ്പു നൽകിയിരുന്നു. അതിനാൽ മരം ചുവടെ മുറിച്ചില്ല.
ഞായറാഴ്ച രാവിലെ പച്ചമണ്ണും ചാണകവും നെയ്യും തേനും ഒക്കെ ചേർന്ന മിശ്രിതം മരത്തിൽ പൊതിഞ്ഞ് കോറത്തുണി കൊണ്ട് ചുറ്റിവരിഞ്ഞ് സുഖമായി നിൽക്കാനുള്ള ചികിത്സയാണ് നൽകിയത്.
വൃക്ഷ ചികിത്സ പഠിക്കുന്നതിനായി വാഴൂർ എസ് വി ആർ വി എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു.
നാലു മണിക്കൂറോളം തുടർച്ചയായി യജ്ഞിച്ചാണ് ഔഷധക്കൂട്ട് മരത്തിൽ പൊതിഞ്ഞത്. ചികിത്സയുടെ വിവിധ ഘട്ടങ്ങൾ സുനിൽ ഡാവെഞ്ചിയുടെ ചിത്രകല സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികളോടൊപ്പം ക്യാൻവാസിൽ പകർത്തിക്കൊണ്ട് വൃക്ഷ ചികിത്സയുടെ ഭാഗമായി മാറി.