ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
15 വര്‍ഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് സംശയമുള്ളതായി പൊലീസ്. ഭര്‍ത്തൃവീട്ടില്‍ പരിശോധന. 5 പേര്‍ കസ്റ്റഡിയില്‍ . മാന്നാര്‍ സ്വദേശി അനില്‍ കുമാറിന്റെ ഭാര്യയായ കലയെയാണ് 15 വര്‍ഷം മുന്‍പ് കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ തുടരന്വേഷണം നടന്നിരുന്നില്ല.
പിന്നീട് അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാള്‍ വീണ്ടും വിവാഹിതനാകുകയും ചെയ്തു. എന്നാല്‍, കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് അനിലിന്റെ സൃഹൃത്തുക്കള്‍ കല കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് മൊഴി നല്‍കി.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് ഇപ്പോള്‍ പൊലീസ് തുറന്ന് പരിശോധിക്കുകയാണ്.
അനിലിന്റെയും കലയുടെയും പ്രണയ വിവാഹമായിരുന്നു. ഇരു ജാതികളിലുംപെട്ട ഇവരുടെ വിവാഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു നടന്നത്. സംഭവത്തില്‍ ഏറെ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു.ചെങ്ങന്നൂര്‍ ഡിവൈഎസ്പി കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.