ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന കലയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ കുമാറിനു മാത്രമേ മൃതദേഹം എവിടെയാണ് സംസ്‌കരിച്ചതെന്ന് അറിയൂവെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് കൂട്ടുപ്രതികള്‍ അറിയാതെ അനില്‍ മാറ്റിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിനായുള്ള അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഒന്നാം പ്രതി അനില്‍ കുമാര്‍ ഇസ്രയേലിലാണ്.നാല് പ്രതികളാണ് കേസില്‍ ഉള്ളതെന്നാണ് പൊലീസ് പറയുന്നത്.മറ്റ് മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. എങ്ങനെ കൊലപാതകം നടത്തി എന്ന കാര്യത്തില്‍ പ്രതികള്‍ നല്‍കുന്ന മൊഴികളില്‍ ഇപ്പോഴും വൈരുധ്യമുണ്ട്.
കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കാനാണ് ആദ്യം പദ്ധതിയിട്ടതെന്ന് ഒരാള്‍ മൊഴി നല്‍കി. സാഹചര്യം അനുകൂലമല്ലാതിരുന്നതിനാല്‍ ഈ തീരുമാനം മാറ്റി. അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവ് ചെയ്തതെന്ന് നാലാം പ്രതി പ്രമോദ് ആണ് മൊഴി നല്‍കിയത്.