ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം
വാഴൂർ: ടി പി പുരം പൗർണമിയിൽ റിട്ടയേഡ് ട്രഷറി ഓഫീസർ കെ എൻ രാമകൃഷ്ണൻ നായരുടെയും റിട്ടയേഡ് അധ്യാപിക സി ആർ കാർത്യാനിയമ്മയുടെയും അറുപതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് വീട് നിർമ്മിച്ചു നൽകി. പക്ഷാഘാതം വന്ന് ജോലി ചെയ്യാൻ കഴിയാതെ വന്ന വാഴൂർ വട്ടക്കാവുങ്കൽ അനിൽകുമാറിനും കുടുംബത്തിനുമാണ് ആറര ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഭവനം നിർമ്മിച്ചു നൽകിയത്.
തയ്യൽ ജോലി ചെയ്തിരുന്ന അനിൽകുമാർ പക്ഷാഘാതം വന്ന് തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. അങ്കണവാടി ജീവനക്കാരിയായ ഭാര്യ ഉഷാദേവിയുടെ ഏക വരുമാനത്തെ ആശ്രയിച്ചാണ് മൂന്ന് കുട്ടികളുള്ള കുടുംബം ജീവിച്ചുവന്നിരുന്നത് . കുടുംബ വസ്തുവിന്റെ രേഖകൾ കൃത്യമാകാത്തതിനാൽ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ആനുകൂല്യം ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് അറുപതാം വിവാഹ വാർഷികത്തോടനുബന്ധിച്ച് വീട് നിർമ്മിച്ച നൽകുവാനുള്ള ദമ്പതികളുടെ തീരുമാനപ്രകാരം അനിൽകുമാർ ഉഷാദേവി ദമ്പതികൾക്ക് ഭവനം ലഭിച്ചത്.
ഇലക്ട്രിക്കൽ പെയിൻറിങ് ജോലികൾ തൊഴിലാളികളായ സുനിൽകുമാർ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യമായി നിർവഹിച്ചു. കാലപ്പഴക്കം ചെന്ന പഴയ വീട് പൊളിച്ചു നൽക്കുന്നതിന് നിർമ്മാണ തൊഴിലാളി യൂണിയൻ പ്രവർത്തകരും നേതൃത്വം നൽകി.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി, റിട്ടയേഡ് എൻജിനീയർ സഹദേവൻ എന്നിവർ മേൽനോട്ടം വഹിച്ചു.
ഗൃഹപ്രവേശ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി റെജി, വൈസ് പ്രസിഡണ്ട് ഡി സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകാന്ത് തങ്കച്ചൻ, ജിബി പൊടിപാറ, എസ് അജിത് കുമാർ, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി പി കെ കുരുവിള, പഞ്ചായത്ത് പ്രസിഡണ്ട് ജോസ് പന്തനാനിയിൽ എന്നിവർ സംസാരിച്ചു.