![]() |
ഗൂഗിൾ ന്യൂസിലും വാർത്തകൾ വായിക്കാം |
വാഴൂർ: "വാഴൂർ പ്രസ്സ് ഭാഗം" കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.പ്രസ്സിന് സമീപം കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു.
വാഴൂർ ബ്ലോക്ക് പുളിക്കൽ കവല ഡിവിഷൻ മെമ്പർ പി.എം ജോണിൻ്റെ നിരന്തരമായ ശ്രമഫലമായാണ് പദ്ധതി നടപ്പിലായത്. വാർഡ് മെമ്പർ ആയിരുന്ന സമയത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ശ്രമം നടന്നുവെങ്കിലും നടത്തിപ്പിനാവശ്യമായ തുക പരിമിതമായതിനാൽ, ബ്ലോക്ക് മെമ്പർ ആയപ്പോൾ, ബ്ലോക്ക് മെമ്പർക്ക് ലഭിക്കാവുന്ന പരമാവധി തുക പദ്ധതിക്കു വേണ്ടി ചെലവഴിച്ചു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023- 24 ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പുളിക്കൽ കവല ഡിവിഷനിൽ കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻ്റ് മേൽ നോട്ടത്തിൽ 6.50 ലക്ഷം രൂപാ ചിലവഴിച്ചാണ് പദ്ധതി പൂർത്തികരിച്ചത്.
തുടക്കത്തിൽ പതിനെട്ടോളം കുടുംബങ്ങൾക്ക് ഹൗസ് കണക്ഷൻ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീത എസ് പിള്ള പദ്ധതിക്കായി കുഴൽ കിണർ കുത്തുന്നതിനാവശ്യമായ സ്ഥലം വിട്ടു നൽകിയ ലതാമണിയെ ആദരിച്ചു.
പദ്ധതിക്കായി കുടിവെള്ള ടാങ്ക് വയ്ക്കാൻ സ്ഥലം അനുവദിച്ചു നൽകിയ കെ ആർ ശ്രീധരപ്പണിക്കരെ അദ്ദേഹത്തിൻറെ അസാന്നിധ്യത്തിൽ യോഗം നന്ദി അറിയിച്ചു. വാർഡ് മെമ്പർ സിന്ധു ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിനി ബേബി, ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകാന്ത് പി തങ്കച്ചൻ, മെമ്പർ അജിത്ത് കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
കുടിവെള്ള പദ്ധതി സെക്രട്ടറി വത്സമ്മ രാജു എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. ഒരു നാടിൻറെ പൊതു താൽപര്യം സംരക്ഷിക്കുകയും,എല്ലാവരെയും ഒരുമിച്ച് ചേർത്ത്, നിലനിൽക്കുന്ന പദ്ധതിയായി മറെണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുകേഷ് കെ മണി പറഞ്ഞു.