ഉള്ളായം :യു.പി.എസ്. ഉള്ളായവും എസ്. എ.എൽ.പി.എസ് ഉള്ളായവും സംയുക്തമായി 79 മത് നാഗസാക്കി ദിനാചരണം നടത്തി.1945 -ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ 79ാം വർഷത്തിൽ ഓഗസ്റ്റ് 9-ന് "ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട" എന്ന മുദ്രാവാക്യമുയർത്തി യുദ്ധവിരുദ്ധ റാലി നടത്തി. തുടർന്ന് കുട്ടികൾ 'ഒറിഗാമി'യായി ചെയ്തെടുത്ത 1000 സഡാക്കോ കൊക്കുകളെ ഇന്ത്യയുടെ ഭൂപടം നിർമ്മിച്ച് അതിൽ നിറച്ചു.
ബോംബര്‍ വിമാനങ്ങൾ പറന്നുയരുമ്പോൾ സഡാക്കോ സസ്സാക്കിയുടെ പ്രായം രണ്ടു വയസ്സു മാത്രമായിരുന്നു. ഹിരോഷിമായിൽ നിന്നും കുറച്ച് അകലെയായിരുന്നു പെൺകുട്ടിയുടെ ജന്മദേശം. റേഡിയോ ആക്റ്റീവ് കിരണങ്ങൾ സഡാക്കോയുടെ ദേഹത്തും കടന്നുകൂടി. അവൾക്ക് രക്‌താർബുദം പിടിപെട്ടു ആശുപത്രി കിടക്കയിൽ ആയി.
തന്നെ കാണാനായി എത്തുന്ന കൂട്ടുകാരോട് കടലാസുകൊണ്ട് കൊക്കുകൾ ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. വെള്ളകൊക്കുകളെ ജപ്പാൻകാർ ഐശ്വര്യത്തിന്റെ പ്രതീകമായി കരുതി പോരുന്നു. 1000 കൊക്കുകൾ ഉണ്ടാക്കിയാൽ എത്ര അസാധ്യമായ കാര്യങ്ങളും സാധിക്കുമെന്ന് ജപ്പാൻകാർക്കിടയിൽ വിശ്വാസം ഉണ്ടായിരുന്നു.
സഡാക്കോ സസാക്കിയും ആശുപത്രിയിൽ വച്ച് തന്നെ കൊക്കുകളെ ഉണ്ടാക്കി തുടങ്ങി.644കൊക്കുകളെ ഉണ്ടാക്കിയപ്പോഴേക്കും രക്താർബുദം ബാധിച്ച് മരിച്ചു. തുടർന്ന് അവളുടെ കൂട്ടുകാർ 1000 കൊക്കുകളെ ഉണ്ടാക്കി.
സമാധാനത്തിന്റെ 1000 കൊക്കുകളാൽ നിറയ്ക്കപ്പെട്ട ഇന്ത്യയുടെ ഭൂപടത്തിന് ചുവട്ടിൽ നിന്ന് കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.യോഗത്തിൽ പ്രധാന അധ്യാപകരായ നിഷാ മോൾ കെ.ജി,ബിജു പി.കെ, അധ്യാപകരായ കെ.ബിനു,
ജോമോൾ ജോൺസൺ, സംഗീതാ.വി,അനുമോൾ. വി.എസ്,സൂര്യ.എസ്. നായർ,ജിഷാ മാത്യു, പ്രിൻസി കെ ജോൺ, അമൽ ജോസഫ് സ്കൂൾ ലീഡർ ആരാധ്യ പ്രവീൺ എന്നിവർ നേതൃത്വം നൽകി. യുദ്ധവിരുദ്ധ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന് പ്രസ്തുത പരിപാടി വേറിട്ടൊരു അനുഭവമായി മാറി.