തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മഹാഭൂരിപക്ഷവും ഓൺലൈനിലാണെങ്കിലും അപേക്ഷ നൽകുന്നവരെ നേരിട്ട് വിളിച്ചുവരുത്തുന്ന സ്ഥിതി പലയിടത്തുമുണ്ട്. ഓൺലൈൻ സേവനങ്ങൾക്ക് അപേക്ഷിച്ചവരെ കൃത്യമായ കാരണമില്ലാതെ വിളിച്ചുവരുത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും- മന്ത്രി എം ബി രാജേഷ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകളിൽ സേവനം ഓൺലൈനിൽ തന്നെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും.
ഓരോ അപേക്ഷയും സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് കൈമാറുകയും രേഖകളെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഓൺലൈനിലും ഓഫ്‌ലൈനിലും ഈ സൗകര്യം ഉറപ്പാക്കും. പുതിയ സേവനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചെക്ക് ലിസ്റ്റ് കാലികമായി പുതുക്കും. പൂർണമായ അപേക്ഷകളിൽ സേവനാവകാശ നിയമപ്രകാരം പരിഹാരം/സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന തീയതി കൈപ്പറ്റ് റസീതിനൊപ്പം അപേക്ഷകന് നൽകും. പുതിയ രേഖകൾ ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷകനോട് രേഖാമൂലം കാരണം വിശദീകരിച്ച് ആവശ്യപ്പെടണം. വാക്കാൽ ആവശ്യപ്പെടാനാവില്ല.
പൊതുജനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് സേവനം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നിലവിലുള്ള 66 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതല വീതിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും റീജിയണൽ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും, മുൻസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചുമതല നിർവഹിക്കുക.
കെ സ്മാർട്ട്, ഐ എൽ ജി എം എസ് സംവിധാനങ്ങൾ വഴി ഇവർക്ക് ഫയൽ നീക്കവും ഓരോ ഉദ്യോഗസ്ഥനും കൃത്യസമയത്ത് സേവനം നൽകുന്നുണ്ടോ എന്ന കാര്യവും നിരീക്ഷിക്കാനാവും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചയും ഇവർ പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. എല്ലാ രണ്ട് ആഴ്ചയിലും മന്ത്രിതലത്തിൽ ഈ വിവരങ്ങൾ പരിശോധിക്കും.
സേവനം ലഭ്യമാക്കേണ്ട സമയപരിധി, ഓരോ സീറ്റിലും ഫയൽ കൈവശം വക്കാവുന്ന പരമാവധി ദിവസങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള സേവന ബോർഡ്, ഹാജർ ബോർഡ്, അദാലത്ത് സമിതി/സേവനാവകാശ നിയമ പ്രകാരമുള്ള അപ്പീൽ അധികാരികൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ, പരാതിപ്പെടാനുള്ള നമ്പർ എന്നിവ കൃത്യതയോടെ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.