പൊതു റോഡിൽ കടയുടമയ്ക്ക് Parking only for Customers ബോർഡ് സ്ഥാപിക്കാമോ?
പല കടയുടമകളും റോഡ് കയ്യേറി പാർക്കിംഗ് ബോർഡ് സ്ഥാപിക്കാറുണ്ട്. റോഡിൽ ആർക്കുവേണമെങ്കിലും പാർക്ക് ചെയ്യാമെന്നാണ് നാട്ടുകാരുടെ അവകാശവാദം.രണ്ടും നിയമപ്രകാരം ഇത് തെറ്റാണ്!
എന്താണ് നിയമപരമായതും അല്ലാത്തതുമായ പാർക്കിംഗ് എന്ന് അറിയേണ്ടതുണ്ട്.
ചരക്കുകളോ യാത്രക്കാരെയോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കിടക്കുന്നതും, 3 മിനിറ്റിൽ കൂടുതൽ സമയം നിർത്തിയിടുന്നതും പാർക്കിംഗിന്റെ നിർവ്വചനത്തിൽ വരുന്നു (M. V ഡ്രൈവിംഗ് റെഗുലേഷൻ ക്ലോസ് 2 (J)).
എവിടെയൊക്കെയാണ് പാർക്കിംഗ് നിരോധിച്ചിട്ടുള്ളത് ?
Motor vehicles Driving Regulations, 2017
1. റോഡിന്റെ വീതി കുറവുള്ളതോ കാഴ്ചയ്ക്ക് തടസ്സം ഉള്ളതോ ആയ ഭാഗത്ത്.
2. കൊടുംവളവിലൊ, വളവിന് സമീപത്തോ.
3. ആക്സിലറേഷൻ ലൈനിലോ (Acceleration Lane) ഡീസിലറേഷൻ ലൈനിലോ (Deceleration Lane)
4. റെയിൽവേ ക്രോസിംഗിൽ
5. ബസ് സ്റ്റോപ്പ് / ആശുപത്രി സ്കൂൾ എന്നിവയുടെ പ്രവേശന കവാടത്തിനരികിൽ.
6. പെഡസ്ട്രിയൻ ക്രോസിംഗിലൊ അതിന് മുൻപുള്ള 5 മീറ്ററിലൊ.
7. ട്രാഫിക് ലൈറ്റ്, സ്റ്റോപ്പ് സൈൻ, Give Way Sign എന്നിവയുടെ 5 മീറ്ററിനുള്ളിൽ അല്ലെങ്കിൽ മറ്റ് ഡ്രൈവർമാർക്ക് സിഗ്നലുകൾ കാണാൻ കഴിയാത്ത വിധത്തിൽ നിർത്തുന്നത്.
8. ബസ് സ്റ്റാൻഡുകളിൽ ബസ്സുകൾ അല്ലാത്ത വാഹനങ്ങൾക്ക
9. റോഡിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്സ് മാർക്കിംഗിലൊ റോഡ് അരികിലെ മഞ്ഞ വരയിലൊ.
10. നോ സ്റ്റോപ്പിങ് /നോ പാർക്കിംഗ് സൈൻ ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ.
11. പരമാവധി വേഗത മണിക്കൂറിൽ 50 കിലോമീറ്ററൊ അതിൽ കൂടുതലൊ ആയി നിശ്ചയിച്ചിട്ടുള്ള മെയിൻ റോഡിലൊ റോഡിന്റെ മറ്റു ഭാഗങ്ങളിലോ....
12. ഫുട്പാത്ത് /സൈക്കിൾ ട്രാക്ക്/ പെഡസ്ട്രിയൻ ക്രോസിംഗ് എന്നിവടങ്ങളിൽ.
13. ഒരു ഇൻറർ സെക്ഷനിലൊ ഇന്റർ സെക്ഷന്റെ അരികിൽ നിന്ന് 50 മീറ്റർ മുമ്പോ ശേഷമൊ.
14. ഒരു പാർക്കിംഗ് ഏരിയയിലേക്ക് ഉള്ള പ്രവേശന വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ.
15. തുരങ്കത്തിൽ/ ബസ് ലൈനിൽ.
16. ഒരു വസ്തു (Property) യുടെ പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴിയിലും.( ഒരു സ്ഥാപനത്തിന്റെ വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്യരുത് )
17. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിന് എതിരായി...
18. ഏതെങ്കിലും വാഹനത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലോ.
19. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമാന്തരമായി.
20. പാർക്കിംഗ് അനുവദിച്ചിട്ടുള്ള നിശ്ചിതസമയത്തിനു ശേഷം.
21. ഏതെങ്കിലും പ്രത്യേക തരം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ ആ തരത്തിൽ അല്ലാത്ത വാഹനങ്ങൾ.
22. വികലാംഗർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മറ്റ് വാഹനങ്ങൾ.
23. ഏതെങ്കിലും പ്രത്യേക രീതിയിൽ പാർക്ക് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് അതിനു വിരുദ്ധമായ രീതിയിലൊ കൂടുതൽ സ്ഥലം എടുക്കുന്ന രീതിയിലൊ...
മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നോ പാർക്കിംഗ് സ്ഥാപിച്ചിട്ടില്ലെ ങ്കിൽപോലും പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല...
ഇനി തീരുമാനിക്കുക... ഇഷ്ടമുള്ളിടത്ത് വാഹനം പാർക്ക് ചെയ്യുവാൻ സാധിക്കുമോ?
നിങ്ങൾ മാന്യനായ ഒരു ഡ്രൈവർ ആണോ?
തയ്യാറാക്കിയത് -Adv. K. B Mohanan,
Consumer Complaints & Protection Society