സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്.തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും 29 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപെട്ടു. തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26 ഓടെ പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.