കാറിനുള്ളിൽ യുവാവുമായി വഴക്കിട്ടതിനെത്തുടർന്നു റോഡിലേക്ക് എടുത്തുചാടാൻ യുവതിയുടെ ശ്രമം. ബഹളം കണ്ട് ബൈക്ക് യാത്രക്കാർ കാർ തടഞ്ഞു. തുടർന്ന് കാറിലുണ്ടായിരുന്ന യുവാവും യുവതിയും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം.എറണാകുളം സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിയായ യുവതിയുമാണ് കാറിലുണ്ടായിരുന്നത്. ഇരുവരും വാഗമണ്ണിൽ നിന്നു തിരിച്ചുവരികയായിരുന്നു.
സ്വർണം പണയം വച്ച 13,000 രൂപയുമായാണു യുവതി എത്തിയത്. ഈ പണം യുവാവിനോട് തിരികെ ചോദിച്ചതാണ് വഴക്കിനു കാരണമെന്നറിയുന്നു. പൊലീസ് ഇടപെട്ടതോടെ യുവാവ് കുറച്ചു പണം യുവതിക്ക് തിരികെ കൊടുത്തു. രണ്ടുപേരോടും സംസാരിച്ച ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു.


