സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു പ്രായം. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
ജനനം 1952 ലഗസ്റ്റ് 12 ന് ചെന്നൈയിൽ. ആന്ധ്രപ്രദേശിലെ കാക്കിനാഡയാണ് സ്വദേശം. കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിൽ എഞ്ചിനീയറായ സർവേശ്വര സോമയാജുലയുടെയും സർക്കാർ ഉദ്യോഗസ്ഥയായ കൽപ്പകം യെച്ചൂരിയുടെയും മകൻ. സ്കൂൾ പഠനം ഹൈദരാബാദിൽ. 1969 മുതൽ ഡൽഹിയിൽ. പ്രസിഡന്റ്സി എസ്റ്റേറ്റ് സ്കൂളിൽ നിന്നും CBSE ഹയർ സെക്കന്ററി പരീക്ഷയിൽ രാജ്യത്തെ ഒന്നാം റാങ്കുകാരൻ, സെന്റ് സ്റ്റീഫൻസിൽ നിന്നും ബിഎ ഒണേഴ്സ് സാമ്പത്തിക ശാസ്ത്രത്തിലും ഒന്നാം റാങ്ക്.
1975 ൽ സി പി എം അംഗമായി.
പൂർണ സമയ പാർട്ടി പ്രവർത്തകനാവാൻ താമസമുണ്ടായില്ല. ഇ എം എസ് നമ്പൂതിരിപ്പാട് ജനറൽ സെക്രട്ടറിയായ കാലത്ത് 1984 ൽ കേന്ദ്ര കമ്മിറ്റിയിൽ. പുതു തലമുറ നേതാക്കൾക്ക് നിർണായ ചുമതലകൾ നൽകാനുളള തീരുമാനത്തിന്റെ ഭാഗമായിരുന്നു 1985 ലെ 5 അംഗ സെൻട്രൽ സെക്രട്ടേറിയറ്റ്. എസ് ആർ പി എന്ന എസ് രാമചന്ദ്രൻ പിള്ളയ്ക്കും കാരാട്ടിനും ഒപ്പം സെൻട്രൽ സെക്രട്ടേറിയറ്റിൽ എത്തുമ്പോൾ സീതാറാമിന്റെ പ്രായം 33.



