നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ദുരൂഹത നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗോപന്‍ സ്വാമിയെ 'സമാധി' ഇരുത്തിയെന്ന് കുടുംബം അവകാശപ്പെടുന്ന വിവാദ കല്ലറ നാളെ തുറക്കും. കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി പരിശോധന നടത്താനാണ് തീരുമാനം. ഉച്ചയ്ക്കു മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്.
പിതാവിനെ സമാധി ഇരുത്തിയതാണെന്നും കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ നിലപാടെടുത്തിരുന്നു. കല്ലറ തുറക്കണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കുടുംബത്തിന്റെ നിലപാടിനെതിരെ ഹൈക്കോടതി നിലകൊണ്ടു. കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. 'ഗോപന്‍ എങ്ങനെ മരിച്ചു? മരണ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടോ?' എന്നീ ചോദ്യങ്ങളാണ് കോടതി ഗോപന്‍ സ്വാമിയുടെ കുടുംബത്തോടു ചോദിച്ചത്.
മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണെങ്കില്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കാമെന്ന് പോലും കോടതി പറഞ്ഞു. കേസെടുക്കാനും അന്വേഷണം നടത്താനും പൊലീസിനു ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി.



