ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷന്‍ കടകളിലുമുണ്ട്. റേഷന്‍കടകളില്‍ സ്റ്റോക്ക് ഇല്ലെന്നും കടകള്‍ കാലിയാണെന്നുമുള്ള ചില മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തെ സംബന്ധിച്ച് ജില്ലാസപ്ലൈ ഓഫീസര്‍മാരുടെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്തു.
റേഷന്‍ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാള്‍ കുറവുള്ള ജില്ലകളില്‍ വിതരണം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പടി വിതരണത്തിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വയനാട് ജില്ലയില്‍ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസര്‍ഗോഡ് 77.7 ശതമാനവും പേര്‍ ജനുവരിയിലെ റേഷന്‍ വിഹിതം കൈപ്പറ്റി.
വാതില്‍പടി വിതരണത്തിലെ കരാറുകാരുടെ സമരം പിന്‍വലിച്ചതിനാല്‍ തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും വേഗത്തില്‍ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോള്‍ റേഷന്‍ കടകളിലേക്ക് വാതില്‍പടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്.
.jpg)




