പ്രഭാത വാർത്തകൾ |
---|
2025 | ഫെബ്രുവരി 26 | ബുധൻ |
1200 | കുംഭം 14 | തിരുവോണം |
◾ സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിര്‍ദേശങ്ങള്‍ അംഗീകരിച്ച് സി.ബി.എസ്.ഇ .ഇനി കരടുനിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി പൊതുവിടത്തില്‍ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവര്‍ക്ക് മാര്‍ച്ച് ഒന്‍പതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും അന്തിമ നയം തയ്യാറാക്കുകയെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കരടനുസരിച്ച് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് ആറുവരെയാകും ഒന്നാംഘട്ടപരീക്ഷ. രണ്ടാംഘട്ടം മേയ് അഞ്ചുമുതല്‍ 20 വരെ നടത്തും.
◾ മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിര്‍മ്മാണശാലകള്‍ക്ക് അനുമതി നല്‍കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓര്‍ത്തഡോക്സ് സഭ. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുതെന്നും ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ പറഞ്ഞു. മദ്യ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പുതിയ തലമുറയെ അകറ്റി നിര്‍ത്താന്‍ ഉള്ള കര്‍മ്മപരിപാടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും ഓര്‍ത്തഡോക്സ് സഭ കൂട്ടിച്ചേര്‍ത്തു.
◾ തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. മുഖ്യമന്ത്രി കടുംപിടിത്തം ഉപേക്ഷിച്ച് ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കേരളീയ പൊതുസമൂഹവും കോണ്‍ഗ്രസും ആശവര്‍ക്കര്‍മാരുടെ കൂടെയുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
◾ ആശാവര്‍ക്കര്‍മാരുടെ സമരത്തിന് നേരെയുള്ള സര്‍ക്കാരിന്റെ അവഗണനയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് കെ.കെ. ശിവരാമന്‍. പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളവും, സര്‍വ്വ ആനുകൂല്യങ്ങളും വാങ്ങി രാജകീയമായി ജീവിക്കുന്ന പി.എസ്.സി ചെയര്‍മാനും മെമ്പര്‍മാര്‍ക്കും വീണ്ടും ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുന്ന സര്‍ക്കാര്‍ അതിരാവിലെ മുതല്‍ ഇരുളുവോളം ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ കണ്ണു തുറക്കുന്നില്ലെന്നും അവര്‍ക്കു നേരെ പുലയാട്ട് നടത്തുകയാണെന്നും പറഞ്ഞ ശിവരാമന്‍ ഇത് ഇടതുപക്ഷ നയമാണോയെന്നും ചോദിക്കുന്നു. കണ്ണില്‍ ചോരയില്ലാത്ത, മനുഷ്യസ്നേഹത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ഈ നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾ ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യമാണെന്ന് സിഐടിയു. വേതനം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സെക്രട്ടറിയേറ്റിനുമുന്നിലല്ല, കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പിപി പ്രേമ പറഞ്ഞു.
◾ വെഞ്ഞാറമൂട്ടിലെ കൊലവെറിയുടെ ഇരകള്‍ക്ക് കണ്ണീരോടെ വിട നല്‍കി നാട്. യുവാവിന്റെ കൊലക്കത്തിക്കിരയായി ജീവന്‍ നഷ്ടപ്പെട്ട 5 പേരുടെയും സംസ്‌കാരം ഇന്നലെ പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ് 23കാരന്‍ അഫാന്‍ ഉറ്റവരെയും പെണ്‍സുഹൃത്തിനെയുമടക്കം 5 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് ഉറപ്പിക്കലാണ് കേസില്‍ ഇനി നിര്‍ണ്ണായകം. മൂന്ന് ഡിവൈഎസ് പിമാരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
◾ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി പോയത് ഓട്ടോറിക്ഷയില്‍. വണ്ടിയില്‍ കേറിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപത്തെ എന്റിച്ച് എന്ന കടയ്ക്ക് മുന്നില്‍ ഇറക്കാനായിരുന്നു അഫാന്‍ ആവശ്യപ്പെട്ടത്. വാഹനത്തിലിരുന്നപ്പോള്‍ തന്നോട് അഫാന്‍ സംസാരിച്ചെന്നും കൂട്ടക്കൊല നടത്തിയതിന്റെ ഒരു കൂസലും അഫാന് ഇല്ലായിരുന്നുവെന്നും ഓട്ടോഡ്രൈവര്‍ പറഞ്ഞു .
◾ ജ്യേഷ്ഠന്റെ കൊലക്കത്തിക്കിരയാകുന്നതിന് തൊട്ടുമുമ്പ് 13കാരന്‍ അഫ്സാന്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹോട്ടലില്‍ മന്തി വാങ്ങാന്‍ എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുളളത്. ഹോട്ടലിലേക്ക് അഫ്സാന്‍ ഓട്ടോയിലെത്തുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഇതും വാങ്ങി വന്നതിന് ശേഷമാണ് അഫാന്‍ അനിയനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. ഈ കവറുമായി അഫ്സാന്‍ വീട്ടിലേക്ക് കയറുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു
◾ തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നതായും വീസ കാലാവധി തീര്‍ന്നതിനാലാണ് വരാന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പ്രതികരിച്ചു.
◾ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് വിമാനക്കമ്പനികള്‍ ഈടാക്കുന്ന അമിത വിമാനക്കൂലിയില്‍ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ട് ഹാരിസ് ബീരാന്‍ നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് സെക്രട്ടറിയുടെ വിശദീകരണം.
◾ അപൂര്‍വ്വരോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ചികിത്സയ്ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന് ലഭ്യമാക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലെയുള്ള അപൂര്‍വ്വ രോഗബാധിതരായ ആയിരക്കണക്കിന് ആള്‍ക്കാര്‍ രാജ്യത്തുണ്ടെന്നും അവര്‍ക്ക് വേണ്ടി മരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കണമെന്നും ആവശ്യമെങ്കില്‍, അന്താരാഷ്ട്ര ബന്ധങ്ങളും ഉപയോഗിക്കണമെന്നും ചീഫ്ജസ്റ്റിസ് സഞ്ജീവ്ഖന്ന അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
◾ സംസ്ഥാനത്ത് 30 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിന് സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹo വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.◾ അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിന് കേസെടുത്തു. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയാണ് വനം വകുപ്പ് കേസ് എടുത്തത്. ആനയുടമക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും അനുസരിച്ചാണ് കേസ്.
◾ മത വിദ്വേഷ പരാമര്‍ശ കേസില്‍ റിമാന്റിലുള്ള പി സി ജോര്‍ജ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നല്‍കിയത്. കോടതി വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും. അതേസമയം പി.സി. ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി ഐസിയുവില്‍ തുടരുകയാണ്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഡോക്ടര്‍മാരുടെ നിര്‍ദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
◾ നഗരത്തില്‍ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരും കേസില്‍ പ്രതിയാണ്. ഇവര്‍ക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.
◾ ആലത്തൂരില്‍ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരന്റെ ചേട്ടനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരന്‍ സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് വീട്ടമ്മക്കെതിരെ കേസെടുത്തു.
◾ ഇടുക്കി കൂട്ടാറില്‍ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ച കമ്പംമെട്ട് സിഐ ഷമീര്‍ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ പുതുവത്സര തലേന്നാണ് ഷമീര്‍ ഖാന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തുവീണ് മുരളീധരന്റെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുരളീധരന്‍ പരാതി നല്‍കി. എന്നാല്‍ സിഐ ഷമീര്‍ഖാനെ വെള്ളപൂശിയാണ് കട്ടപ്പന ഡിവൈഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
◾ ഇറ്റലിയിലേക്കുള്ള വ്യാജ റസിഡന്റ് പെര്‍മിറ്റ് നല്‍കി കബളിപ്പിച്ച കേസില്‍ മലയാളിയെ അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ്. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് അറസ്റ്റിലായത്. മലയാളിയായ ഡിജോ ഡേവിസ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജനുവരി 25നാണ് തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഇറ്റലിയില്‍ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയില്‍ എത്തുന്നത്. നാടുകടത്തപ്പെട്ട ഡിജോയുടെ പരാതിയില്‍ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. കേരളത്തിലെത്തിയാണ് ദില്ലി പൊലീസ് രൂപേഷിനെ പിടികൂടിയത്.
◾ ഭക്തജനങ്ങളുടെ കണക്കില്‍ റെക്കോര്‍ഡിട്ട് മഹാകുംഭമേള. ഇത് വരെ 64 കോടിയിലധികം ഭക്തര്‍ മഹാകുംഭമേളയ്ക്കെത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തര്‍ ദിവസവും ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തുവെന്നാണ് കണക്കുകള്‍.