സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിന് മുൻപ് യൂണിഫോമും അരിയും വിതരണം ചെയ്യും. മെയ് 10നകം പാഠപുസ്തകം വിതരണം പൂർത്തിയാക്കും. സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിലാണ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



