വാഴൂർ : നിരന്തരമായ വൈദ്യുതി മുടക്കം വാഴൂരിന്റെ പല മേഖലകളിലും ഇരുട്ടിലാകുന്നു. സബ്സ്റ്റേഷൻ വരുന്നതോടുകൂടി വാഴൂർ ഉൾപ്പെടുന്ന പല പഞ്ചായത്തുകളിലും വൈദ്യുതി മുടങ്ങില്ലെന്നും വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെടുമെന്നുമായിരുന്നു കെഎസ്ഇബിയുടെയും, ഉദ്ഘാടന ദിവസം സ്റ്റേജിൽ സംസാരിച്ച ചീഫ് വിപ്പ് എൻ ജയരാജിന്റെയും ഉറപ്പ്. എന്നാൽ സബ്സ്റ്റേഷൻ വരുന്നതിനു മുമ്പ് വൈദ്യുതി മുടങ്ങിയത് ചുരുക്കം ദിവസമായിരുന്നുവെങ്കിൽ സബ്സ്റ്റേഷൻ വന്നതിനുശേഷം നിരന്തരമായി വൈദ്യുതി മുടങ്ങുകയാണ്.
പലപ്പോഴും കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാറില്ല. എടുത്താൽ തന്നെ കൃത്യമായ മറുപടിയും ഇല്ല. നിരന്തരമായി വൈദ്യുതി മുടങ്ങുന്നത് മൂലം വ്യാപാരസ്ഥാപനങ്ങൾക്കാണ് ഏറ്റവും നഷ്ടം ഉണ്ടാകുന്നത്. നിരന്തരമായ വൈദ്യുതി മുടക്കം പതിവായ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





