| പ്രഭാത വാർത്തകൾ |
|---|
| 2025 | മെയ് 27 | ചൊവ്വ |
| 1200 | എടവം 13 | രോഹിണി |
◾ മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം. ആലപ്പുഴയില്‍ തട്ടുകട തകര്‍ന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ കൈനകരിയില്‍ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.
◾ കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മൂന്നു മരങ്ങള്‍ കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. റെയില്‍വേ ട്രാക്കിന്റെ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ കാറ്റില്‍ തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായി. കൊച്ചി ആലുവ അമ്പാട്ടുകാവിലാണ് റെയില്‍വേ ട്രാക്കിലേക്ക് മരം വീണത്. ഇരു ഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.
◾ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
◾ മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയില്‍ വ്യാപക നാശം. പടിഞ്ഞാറെ ചാലക്കുടി മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. നിമിഷങ്ങള്‍ മാത്രമാണ് കാറ്റടിച്ചത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ പ്രദേശത്ത് മിന്നല്‍ ചുഴലി അനുഭവപ്പെട്ടിരുന്നു. കവുങ്ങ്, തെങ്ങ്, ജാതി, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം നിലച്ചു.
◾ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി നല്‍കിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിവി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിന് നല്‍കിയത്.
◾ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അന്‍വര്‍ പരസ്യമായി തുറന്നടിച്ചു.
◾ കേരളത്തിലെ നേതാക്കള്‍ ഏകകണ്ഠമായി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിത്വമാണ് ആര്യാടന്‍ ഷൗക്കത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി വി അന്‍വറിനെ യു ഡി എഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അത് എങ്ങനെ വേണമെന്നത് എല്ലാവരുമായും ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ തീരുമാനിക്കുമെന്നും അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നത് മാധ്യമങ്ങളുടെ സാങ്കല്‍പിക ചോദ്യമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
◾ കരുവന്നൂര്‍ കേസിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് എ.സി മൊയ്തീന്‍. മാധ്യമങ്ങളില്‍ നിന്നാണ് കുറ്റപത്രത്തില്‍ പേരുണ്ടെന്ന വിവരമറഞ്ഞത്. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജന്‍സിയാണ് ഇ.ഡിയെന്നും എങ്ങനെയാണ് ഇ.ഡി കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതാണെന്നും പ്രത്യേകിച്ച് കേരളത്തില്‍, ഇഡിയുടെ രീതി എല്ലാവര്‍ക്കും വ്യക്തമാണെന്നും എസി മൊയ്തീന്‍ ആരോപിച്ചു.
◾ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയെയും നേതാക്കളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
◾ പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആര്‍ അജിത്കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൈമാറിയ പേരുകളില്‍ നിന്നും 3 പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. അതില്‍ ഒരാളെ മന്ത്രിസഭയോഗം പുതിയ പൊലിസ് മേധാവിയായി നിയമിക്കും.
◾ വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിന് പൊലീസിന്റെ ശക്തമായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സെക്കന്ററി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണെന്നും ഇവരില്‍ ഒന്‍പത് പേരെ പിരിച്ചുവിടുകയും ഒരാള്‍ക്ക് നിര്‍ബ്ധിത പെന്‍ഷന്‍ നല്‍കിയെന്നും 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബാക്കി കേസുകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രി പറഞ്ഞു.
◾ കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയിനറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിയുന്നു. ശക്തികുളങ്ങര, ചെറിയഴീക്കല്‍, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായി ഇതുവരെ 27 കണ്ടെയ്നറുകള്‍ അടിഞ്ഞു. ഇതില്‍ 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. കപ്പല്‍ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
◾ കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ 73 എണ്ണം കാലി കണ്ടെയ്നറുകള്‍ ആണ്. 13 എണ്ണത്തില്‍ ചില അപകടകരമായ വസ്തുക്കള്‍ ആണ്. കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ പൊടി തളിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
◾ തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പൊലീസിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനിടെയാണ് പ്രതി കൊച്ചിയില്‍ കീഴടങ്ങിയത്. ഇന്നലെ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞശേഷമാണ് സുകാന്തിന്റെ നാടകീയ കീഴടങ്ങല്‍.
◾ നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടന്‍ തന്നെ മര്‍ദിച്ചെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
◾ പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ പാലത്തിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്കു വരുന്ന സന ബസ്സും മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോകുന്ന ബ്രൈറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
%20copy%20(1).jpg)

.jpeg)

