വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രമാണ് സ്റ്റേ നല്കാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകൂവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയും സ്റ്റേ ചെയ്തിട്ടുണ്ട്. വഖഫ് സമിതികളില്‍ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളില്‍ മൂന്നില്‍ കൂടുതല്‍ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല.
വഖഫ് നിയമഭേദഗതി ഭാഗികമായി സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളില്‍ കഴമ്പുണ്ടെന്ന് സുപ്രിംകോടതിക്ക് ബോധ്യമായിരിക്കുകയാണെന്നും മുസ്ലിം ലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.