വാഴൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി വാഴൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നാം തീയതി ആരംഭിച്ച വ്യാപാരോത്സവം, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡൻറ് രാജു അപ്സര. കേരളത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗ്ഗമായി നിലനിൽക്കുന്ന ഒരു ശൃംഖല മുന്നോട്ടു കൊണ്ടുപോകുന്നതിന് സംഘടന പ്രതിജ്ഞാബദ്ധം ആണെന്നും ,മാറിമാറി വരുന്ന ഭരണകൂടങ്ങൾ ജിഎസ്ടി ഉൾപ്പെടെയുള്ള സ്ലാബുകൾ നിശ്ചയിക്കുമ്പോൾ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.
നിരന്തരമായ സമര പോരാട്ടങ്ങളിലൂടെയാണ് വ്യാപാര മേഖല നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാതൃകാപരമായ വ്യാപാരോത്സവം നടത്തിയ വാഴൂർ യൂണിറ്റിനെ അഭിനന്ദിക്കുകയും, ഐതിഹ്യങ്ങൾ മാറ്റിവെച്ച് യാഥാർത്ഥ്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഓണത്തെ നമ്മൾ കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ഓണം ഗുജറാത്തിന്റെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് ചേക്കേറി വന്ന കേരളീയരുടെ ആഘോഷമായി മാറിയതാണെന്നും അദ്ദേഹം പറഞ്ഞു. വാഴൂർ യൂണിറ്റ് പ്രസിഡൻറ് അംബാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു അക്സ സ്വാഗതം പറഞ്ഞു. തുടർന്ന് വ്യാപാര ശബ്ദം മാസിക രാജൻ കൊമ്പുകലിന് സംസ്ഥാന പ്രസിഡണ്ട് നൽകി.
കോട്ടയം ജില്ലാ പ്രസിഡന്റ് എം കെ തോമസ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനദാനവും. വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണവും നടന്നു. ജില്ലാ നേതാക്കന്മാർ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വ്യാപാര ഉത്സവം ജനറൽ കൺവീനർ ദീപു എസ് കുമാർ കൃതജ്ഞത പറഞ്ഞു ഗംഭീരമായ ഓണസദ്യയും നടന്നു.



