പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ മുതല്‍ പുതിയ നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അറിയിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ശക്തവും സമഗ്രവുമായ തൊഴില്‍ കേന്ദ്രീകൃത പരിഷ്‌കാരമെന്നും ഇതുവഴി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് കാര്യമായ പ്രോത്സാഹനം ലഭിക്കും എന്നും മോദി പറഞ്ഞു.
വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴില്‍പരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങള്‍ സംബന്ധിച്ച കോഡ് എന്നിവയാണ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നത്.
അതേസമയം പുതിയ ലേബര്‍ കോഡുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ തൊഴിലാളി സംഘടനകള്‍ ഈമാസം 26 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയം നല്‍കിയ ഭ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതല്‍ ദുരിതത്തില്‍ ആക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംയുക്ത തൊഴിലാളി യൂണിയനില്‍ ഐഎന്റ്‌റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തില്‍ അണിചേരും


