ഇടുക്കി :മൂന്നാർ മാട്ടുപ്പട്ടിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.തമിഴ്നാട് കരൂർ സ്റ്റാർ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
രണ്ട് ബസിലായാണ് ഇവർ മൂന്നാറിലെത്തിയത്. ടൗണിൽ നിന്ന് ജീപ്പിൽ മാട്ടുപ്പട്ടിയിലേക്ക് പോകുന്നതിനിടയിൽ ഹൈറേഞ്ച് സ്കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.എട്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാട്ടുപ്പട്ടി അരുവിക്കാട് സ്വദേശിയുടെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മറ്റ് യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


