മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4.55 നാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.നട തുറന്നതിനെ തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിച്ചു. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടിക്ക് സമീപം തിരുമുറ്റത്ത് കാത്തു നിന്ന നിയുക്ത ശബരിമല മേല്‍ശാന്തി ചാലക്കുടി വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ ഡി പ്രസാദിനെയും മാളികപ്പുറം മേല്‍ശാന്തി കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം ജി മനു നമ്പൂതിരിയെയും മേല്‍ശാന്തി കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.
അല്പസമയത്തിനകം ഭഗവത് ദര്‍ശനത്തിനുശേഷം പ്രസാദിനെ സോപാനത്തിലിരുത്തി തന്ത്രി കലശാഭിഷേകം നടത്തിയശേഷം ശ്രീകോവിലിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിനു സമീപം ഇരുത്തി കാതില്‍ മൂലമന്ത്രം ചൊല്ലിക്കൊടുക്കും.തുടര്‍ന്ന് എം ജി മനു നമ്പൂതിരിയെയും ഇതേരീതിയില്‍ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിക്കും. കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും.
നാളെ പുലര്‍ച്ചെ 3ന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.


