കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026-ലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മാര്‍ച്ച് 23 ഉച്ചയ്ക്ക് 3 മണിക്ക് ഔദ്യോഗികമായി അവസാനിച്ചു. സംസ്ഥാനത്താകെ 1,269 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. അന്തിമ കണക്കുകള്‍ ലഭ്യമാകുന്നതോടെ ഇതില്‍ നേരിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്.സമര്‍പ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ആ ദിവസം കടന്നു പോകുന്നതോടെ മാത്രമേ കേരളത്തിലെ യഥാര്‍ഥ മത്സര ചിത്രം പൂര്‍ണ്ണമായി തെളിയൂ.
പ്രതിപക്ഷ നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി ഡി സതീശന്‍, പാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണി, ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാര്‍ഥി മേജര്‍ രവി, ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍, തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍, തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമന, നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരിനാഥന്‍, അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു.