ദേശീയപാതയിൽ പൂതകുഴിക്ക് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് എരുമേലിയിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോവുകയായിരുന്ന 'തൈപ്പറമ്പിൽ' എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴ പെയ്യുന്ന സമയത്തായിരുന്നു അപകടം.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, വളവ് തിരിഞ്ഞുവന്ന ബസ് നനഞ്ഞ റോഡിൽ പെട്ടെന്ന് വഴുതി മാറുകയായിരുന്നു . നിയന്ത്രണം നഷ്ടപ്പെട്ട ബസ്സിന്റെ പിൻഭാഗം വശത്തേക്ക് തെന്നിമാറി റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകരുകയും വൈദ്യുതി ലൈനുകളിൽ നിന്ന് വലിയ രീതിയിൽ തീപ്പൊരി ചിതറുകയും ചെയ്തു.
സമീപത്ത് മറ്റ് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതും ലൈനുകൾ പൊട്ടി വീഴുമ്പോൾ ബസ്സിനുള്ളിലേക്ക് വൈദ്യുതി പ്രവഹിക്കാതിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.





