വാഴൂർ: മഴക്കാലം തുടങ്ങിയിട്ടും വാഴൂരിന്റെ ഉൾപ്രദേശങ്ങളിലെ വഴിവിളക്കുകൾ കത്താതെ നാട്ടുകാർ ബുദ്ധിമുട്ടുന്നു. മാസങ്ങളായി പല ഗ്രാമീണ റോഡുകളിലും തെരുവിളക്കുകൾ ഇരുണ്ടുകിടക്കുകയാണ്.കാപ്പുകാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രശ്നം രൂക്ഷം. ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യം നിലനിൽക്കുന്ന ഇവിടങ്ങളിൽ വെളിച്ചമില്ലാത്ത റോഡുകളിലൂടെയുള്ള രാത്രിയാത്ര കാൽനടയാത്രക്കാർക്ക് ദുസ്സഹമാണ്.
അപകട സാധ്യതയും വന്യജീവി ശല്യവും കണക്കിലെടുത്ത് അടിയന്തരമായി വഴിവിളക്കുകൾ തെളിയിക്കണമെന്ന് വിവിധ വാർഡുകളിൽ നിന്നുള്ള നാട്ടുകാർ ആവശ്യപ്പെട്ടു. പരാതികൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.മഴക്കാലത്ത് ദൃശ്യപരത കുറയുന്നതും ഇരുട്ടും ചേർന്ന് അപകട സാധ്യത ഇരട്ടിയാക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.




