തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.
ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കാണ് സാധ്യത.അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് ഇവിടങ്ങളിൽ പ്രവചിക്കുന്നത്.അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ജലനിരപ്പ് ഉയരുകയാണ്. ജില്ലയിൽ മഞ്ഞ അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. കഴിഞ്ഞ ദിവസം 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഇതോടെ ആകെ 80 സെന്റീമീറ്റർ വരെ ഷട്ടറുകൾ തുറക്കും. കരമനയാറിന്റെ തീരത്തും ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി.സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.




