പൊൻകുന്നം: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ 'കരുതൽ' എന്ന പേരിൽ ലഹരി മുക്ത കാഞ്ഞിരപ്പള്ളി പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കുമെന്ന് എംഎൽഎ റോണി കെ ബേബി പത്രസമ്മേളനത്തിൽ അറിയിച്ചു.നിയോജകമണ്ഡലത്തിലെ 28 ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, ഗതാഗത വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ മൂന്ന് ഘട്ടമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ വിദഗ്ധർ നയിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ, രണ്ടാം ഘട്ടത്തിൽ കൗൺസിലിംഗ്, മൂന്നാം ഘട്ടത്തിൽ ആവശ്യമെങ്കിൽ ഡി-അഡിക്ഷൻ കേന്ദ്രങ്ങളുടെ സഹായത്തോടെ ചികിത്സ എന്നിവയാണ് ലക്ഷ്യം.ആയിരത്തോളം വിദ്യാർത്ഥികൾ, അധ്യാപകർ, പിടിഎ പ്രതിനിധികൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തൂഫാൻ വോളണ്ടിയർമാർക്ക് 'തൂഫാൻ വാരിയർ' ബാഡ്ജുകൾ മന്ത്രി വിതരണം ചെയ്യും. റോണി കെ ബേബി എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ആൻ്റോ ആൻ്റണി എംപി മുഖ്യപ്രഭാഷണം നടത്തും.