തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. സൗജന്യ യാത്ര തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ജൂൺ 19-ന് ശേഷം സർവീസ് നിർത്തിവെക്കുമെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.തൃശൂരിൽ ചേർന്ന അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. സ്ത്രീ യാത്രക്കാർ കൂടി ഇല്ലാതായാൽ സർവീസ് നടത്താനാകാത്ത സ്ഥിതിയാകുമെന്നും വൻ നഷ്ടം വഹിക്കേണ്ടിവരുമെന്നും ബസ് ഉടമകൾ പറഞ്ഞു.
15 വർഷമായി വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിച്ചിട്ടില്ല. സർക്കാർ നിശ്ചയിച്ച നിരക്കിലാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. സർവീസ് നിർത്തിയാൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലി നഷ്ടമാകും.സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. സംസ്ഥാന ബജറ്റിൽ അനുകൂല പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ വ്യക്തമാക്കി.




