തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ആനുകൂല്യം.'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നതായി മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
സൗജന്യ യാത്ര മൂലം കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം പൂർണമായും സർക്കാർ നികത്തും. പ്രതിമാസം 75 കോടി രൂപയുടെ അധിക ബാധ്യത പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസിക്ക് പ്രതിവർഷം 1500 കോടി രൂപ സർക്കാർ നൽകുന്നുണ്ട്. പുതിയ പദ്ധതിക്കായി 800 കോടി രൂപ അധികമായി അനുവദിക്കും.
ഓർഡിനറി ബസുകൾ കുറവുള്ള മലബാർ മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ പ്രത്യേകം പഠിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.




