കോട്ടയം: സംസ്ഥാനം കടുത്ത വൈദ്യുതി ഉപഭോഗ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഗുരുതരമായ സാഹചര്യം മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സർക്കാരുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. അനാവശ്യമായ വൈദ്യുതി ഉപയോഗം പൂർണ്ണമായി ഒഴിവാക്കണമെന്നും വീടുകളിലും ഓഫീസുകളിലും എസികൾ 27 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തി പ്രവർത്തിപ്പിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉണ്ടാക്കിയ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ ഈ വലിയ പ്രതിസന്ധിക്ക് വഴിതുറന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന ലോകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് കായികപ്രേമികൾക്ക് തടസ്സമില്ലാതെ കളി കാണാൻ പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫൈനൽ ദിവസം സംസ്ഥാനത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ മറ്റ് സംസ്ഥാനങ്ങളെ സമീപിച്ച് അധിക വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.


